സൂർ(ഒമാൻ): ഇൻലൈൻ റോളർ സ്‌കേറ്റ്‌സ് ധരിച്ച്, കെട്ടിവച്ച മുടിയിൽ ഹൂള ഹൂപ്പും കറക്കി ആറു കിലോമീറ്റർ ദൂരം 28 മിനിറ്റ് 2 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി ശിവന്യ പ്രശാന്ത് ഗിന്നസ് ബുക്കിൽ ഇടം നേടി. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ്, ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ശിവന്യയ്ക്ക് കൈമാറി.
ഒമാനിലെ ദക്ഷിണ ശർഖിയ ഗവർണറേറ്റിലെ സൂറിൽ ആണ് ഗിന്നസ് റെക്കോർഡിനുള്ള ഔദ്യോഗിക നിബന്ധനകൾ പാലിച്ച് ശിവന്യയുടെ പ്രകടനം അരങ്ങേറിയത്. സൂർ ഇന്ത്യൻ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ശിവന്യ. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടിയ ശിവന്യ പഠനത്തിലും മറ്റു കലാകായിക മത്സരങ്ങളിലും ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഒമാനിലെ ഭവാൻ എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി പ്രശാന്തിന്റെയും സുസ്മിതയുടെയും മകളാണ്. സഹോദരൻ ശിവാങ്ക് പ്രശാന്ത് കൊൽക്കത്ത എൻഐടിയിൽ മൂന്നാം വർഷ വിദ്യാർഥിയാണ്.
