കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. പരാതിക്കാരിയെ കേസിൽ കക്ഷി ചേർത്തു. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിലാണ് പരാതിക്കാരിയെ കക്ഷി ചേർത്തത്. ജനുവരി 21ന് കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും.
പലതരത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിടുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരി തിരുവനന്തപുരം സിറ്റി സൈബർ പോലീസിൽ ഇതിനോടകം പരാതി നൽകിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന രാഹുൽ ഈശ്വർ അടക്കമുള്ളവർ സാമൂഹികമാധ്യമത്തിലൂടെ തന്നെ അപമാനിക്കുകയാണ്, അത് രാഹുൽ മാങ്കൂട്ടത്തിന് നൽകിയ ജാമ്യവ്യവസ്ഥയുടെ ലംഘനമാണ് എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുവതി മറ്റൊരു പരാതി നൽകിയിരിക്കുന്നത്.
സമാനമായ ആക്ഷേപമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ ഉന്നയിക്കുന്നത്. പ്രതിയുടെ അനുയായികളിൽ നിന്ന് തനിക്ക് വലിയ തോതിൽ ഭീഷണികളുണ്ടെന്നും പ്രതിയ്ക്ക് ജാമ്യം നൽകിയാൽ തന്റെ ജീവനുതന്നെ ഭീഷണിയാണെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യങ്ങൾ കേട്ടശേഷമാണ് കോടതി യുവതിയെ കേസിൽ കക്ഷി ചേർത്തത്.
