ദക്ഷിണേന്ത്യ പിടിക്കാനുള്ള ശ്രമത്തിൽ തന്നെയാണ് NDA ഇക്കുറി തമിഴ്നാടും ബംഗാളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ പിടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് തമിഴ്നാട്ടില്‍എത്തിയതായിരുന്നു അദ്ദേഹം.സംസ്ഥാനത്തിലെ ജനങ്ങളുടെ ക്ഷേമത്തേക്കാള്‍ സ്വന്തം കുടുംബതാല്‍പര്യങ്ങള്‍ മാത്രമാണ് സ്റ്റാലിന്റെ താല്‍പര്യം. ആദ്യം കരുണാനിധി. പിന്നീട് സ്റ്റാലിന്‍. ഇപ്പോള്‍ ഉദയനിധി സ്റ്റാലിനെക്കൂടി മുഖ്യമന്ത്രിയാക്കാനാണ് സ്റ്റാലിന്റെ ശ്രമം.

അത് നടക്കില്ലെന്നും അമിത് ഷാ പറഞ്ഞു.സ്റ്റാലിൻ ഹിന്ദുവിരുദ്ധനാണെന്ന വിമർശനമാണ് അമിത് ഷാ പ്രധാനമായും ഉന്നയിച്ചത്. തമിഴ്‌നാട്ടിൽ ഹിന്ദുക്കൾക്കും ഹിന്ദുവിശ്വാസങ്ങൾക്കുമെതിരെ സ്റ്റാലിൻ ആക്ഷേപങ്ങളും ആക്രമണങ്ങളും അഴിച്ചുവിടുകയാണെന്ന് അമിത് ഷാ ആരോപിച്ചു. അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കിടെ തമിഴ്‌നാട്ടിൽ അപ്രഖ്യാപിത കർഫ്യൂ ഏർപ്പെടുത്തി. മുതിർന്ന നേതാവ് സനാതന ധർമ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യം ചെയ്തു. ഹിന്ദു ഘോഷയാത്രകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഹിന്ദു വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിന് പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. സ്റ്റാലിൻ ഹിന്ദു സമൂഹത്തിനെതിരെ അതിക്രമങ്ങൾ നടത്തിയെന്നും ഭരണഘടനയുടെ പവിത്രതയെ ലംഘിച്ചുവെന്നും അമിത് ഷാ വിമർശിച്ചു.

തമിഴ്നാട്ടിലെ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി സ്റ്റാലിന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അവരുടെ താല‍്പര്യം കുടുംബത്തിന്റെ മാത്രം ഐശ്വര്യവും പുരോഗതിയുമാണ്. തമിഴ്നാട്ടില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും എന്‍ഡിഎ മുന്നണിയും ക്രമാനുഗതമായി വളരുകയാണ്. അത് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ബിജെപി തീര്ച്ചയായും തമിഴ്നാട്ടില്‍ മാത്രമല്ല, ബംഗാളിലും അധികാരത്തില്‍ വരും. – അമിത് ഷാ ചൂണ്ടിക്കാട്ടി.