തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ തനിക്കെതിരെ യുവതി വീണ്ടും പരാതി നൽകിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ. താൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും പരാതിയിലും തട്ടിപ്പ് കാണിച്ചാൽ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. സൈബർ അധിക്ഷേപ കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ അതിജീവിത വീണ്ടും പരാതി നൽകിയെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് രാഹുൽ പറഞ്ഞു. “ഇക്കാര്യം പോലീസിനോട് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് എസ്.എച്ച്.ഒ പറഞ്ഞത്. പരാതിക്കാരിയെ അതിജീവിത എന്ന് വിളിക്കുന്നത് തെറ്റാണ്, കോടതി പോലും അങ്ങനെ പറയുന്നില്ല” -രാഹുൽ ഈശ്വർ വ്യക്തമാക്കി. യുവതിയുടെ ഭർത്താവ് തന്നെ അനുകൂലിച്ച് വീഡിയോ ഇട്ടിട്ടുണ്ടെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായും രാഹുൽ അവകാശപ്പെട്ടു.

പുരുഷന്മാരെ കുടുക്കാൻ വളരെ എളുപ്പമാണെന്നും ഈ ‘പുരുഷവേട്ട’ അവസാനിപ്പിക്കാൻ നിയമസംവിധാനങ്ങൾ തയ്യാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പരാതിക്കാരിക്കെതിരെ താൻ വീഡിയോ ചെയ്തത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുവതി എ.ഐ.ജിക്ക് പരാതി നൽകിയതായും അത് സൈബർ പോലീസിന് കൈമാറിയതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൻ സത്യം മാത്രമാണ് പറയുന്നതെന്നും പരാതിക്കാരിയുടെ വാദങ്ങൾ പൊളിയുകയാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.