നിലമ്പൂർ: വീട്ടുമുറ്റത്ത് കുടുംബാംഗങ്ങളുമായി സംസാരിച്ചുനിൽക്കുന്നതിനിടെ പത്തൊൻപതുകാരി കുഴഞ്ഞുവീണു മരിച്ചു. വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കെട്ടുങ്ങൽ ഗ്രാമത്തെ നടുക്കിയ ദാരുണ സംഭവം.

വീട്ടുമുറ്റത്ത് കസേരയിൽ ഇരുന്നു കുടുംബാംഗങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രിഫാദിയ. ഇതിനിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന രിഫാദിയയുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. നൂർജഹാനാണ് മാതാവ്. സഹോദരി: റിസ്‌വാന.