കാരക്കാസ്: നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ശരിയായത് ചെയ്തില്ലെങ്കില്‍ അവര്‍ക്ക് വലിയ വില നല്‍കേണ്ടിവരും’ എന്നാണ് ട്രംപിന്റെ ഭീഷണി. അറ്റ്‌ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘അവര്‍ ശരിയായത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും. ഒരുപക്ഷെ മഡുറോയേക്കാള്‍ വലിയ വില’ എന്നാണ് ട്രംപ് പറഞ്ഞത്. മഡുറോയെ ബലപ്രയോഗത്തിലൂടെ പിടികൂടാനുളള തന്റെ തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു.
നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഏറ്റെടുത്തത്. വെനസ്വേലന്‍ സുപ്രീംകോടതിയുടെ ഭരണഘടന ചേംബര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയിരുന്നു. മഡുറോയ്‌ക്കെതിരായ നടപടിക്ക് പിന്നാലെ ഡെല്‍സി റോഡ്രിഗസിന്റെ നേതൃത്വത്തില്‍ ദേശീയ പ്രതിരോധ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടക്കം യോഗത്തില്‍ പങ്കെടുത്തു. മഡുറോയ്‌ക്കെതിരായ നടപടിയെ യോഗം ശക്തമായി അപലപിച്ചു. മഡുറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും ഉടന്‍ വിട്ടയക്കണമെന്ന് യോഗം ആവശ്യപ്പെട്ടിരുന്നു.
