ബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനുനേരെയും എസ്‌ഐടി കുരുക്ക്മുറുക്കുന്നു. ഇതിനകം അറസ്റ്റിലായ പലരുടേയും മൊഴികളില്‍ മുന്‍മന്ത്രിയുടെ പേര് വന്നതിനെതുടര്‍ന്നാണ് അന്വേഷണസംഘം കടകംപള്ളിയെ ചോദ്യംചെയ്തതെന്നാണ് സൂചന. ശനിയാഴ്ച നടന്ന ചോദ്യംചെയ്യല്‍ രണ്ട്മണിക്കുറോളം നീണ്ടു. മന്ത്രിയെന്ന നിലയില്‍ അറിയാവുന്നതെല്ലാം പറഞ്ഞുവെന്നാണ് ഇതുസംബന്ധിച്ച് കടകംപള്ളി മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡണ്ട് പി.എസ്.പ്രശാന്തിനേയും എസ്‌ഐടി ചോദ്യംചെയ്തു. കേസില്‍ കൂടുതല്‍പേര്‍ ചോദ്യമുനകളില്‍ പിടയുമ്പോള്‍ സിപിഎം കടുത്ത ആശങ്കയിലാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം എന്നതിനാല്‍ സര്‍ക്കാരിന് ഇടപെടാനും പരിമിതികളുണ്ട്.