സിഗരറ്റ്, പാന്‍മസാല, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി ഘടനയില്‍ മാറ്റം വരുത്തുന്ന നിര്‍ണ്ണായക ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ‘ഹെല്‍ത്ത് സെക്യൂരിറ്റി സേ നാഷണല്‍ സെക്യൂരിറ്റി’ സെസ് ബില്‍ 2025, സെന്‍ട്രല്‍ എക്‌സൈസ് (ഭേദഗതി) ബില്‍ 2025, എന്നിവയാണ് അവതരിപ്പിച്ചത്.
ഭേതഗതി പ്രകാരം, സിഗരറ്റുകളുടെ നീളത്തിനനുസരിച്ചാകും ഇനി നികുതി ചുമത്തുന്നത്. ചുരുട്ട് , ച്യൂയിങ് ടുബാക്കോ തുടങ്ങിയവയ്ക്ക് 25 ശതമാനം ഡ്യൂട്ടി ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. 1,000 സിഗരറ്റുകള്‍ക്ക് നിലവിലുള്ള 200-735 രൂപയിൽ നിന്ന് തരം, നീളം എന്നിവ അനുസരിച്ച് 2,700 രൂപ മുതല്‍ 11,000 രൂപ വരെ വില ഏര്‍പ്പെടുത്തും.
ചവയ്ക്കുന്ന പുകയിലയുടെ തീരുവ 25% ൽ നിന്ന് 100% ആയി നാലിരട്ടിയായി വർദ്ധിക്കും. ഹുക്ക പുകയില 25% ൽ നിന്ന് 40% ആയി ഉയരും. പുകവലി മിശ്രിതങ്ങളുടെ തീരുവ 60% ൽ നിന്ന് 300% ആയി അഞ്ചിരട്ടിയായി വർദ്ധിക്കും.
65 എം.എം വരെ നീളമുള്ള ഫില്‍ട്ടര്‍ സിഗരറ്റുകള്‍ 1,000 എണ്ണത്തിന് 3,000 രൂപയും 65 മുതല്‍ 70 എം.എം വരെ നീളമുള്ളവ1,000 എണ്ണത്തിന് 4,500 രൂപയും ഈടാക്കാനാണ് നിർദേശം. നികുതിയിൽ മാറ്റം വരുന്നതോടെ ഇന്ന് 18 രൂപ വിലയുള്ള ഒരു സിഗരറ്റിന് ഉടൻ തന്നെ 72 രൂപ വരെ വില വരുമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു.
കമ്പനികളിലെ മെഷീനുകളുടെ ഉല്‍പ്പാദന ശേഷി അടിസ്ഥാനമാക്കിയാകും പാന്‍മസാല നിര്‍മ്മാണത്തിനുള്ള സെസ് ചുമത്തുക. ബില്ലുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ പുകയില കമ്പനികള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ഐടിസി ഓഹരികള്‍ 0.1% വര്‍ധിച്ച് 404.65 രൂപയില്‍ എത്തിയിരുന്നു. എന്നാൽ ഗോഡ്‌ഫ്രെ ഫിലിപ്സ് ഓഹരികളിൽ 1.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
