പത്തനംതിട്ട: പത്തനംതിട്ടയിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിലായി. കൊഴഞ്ചേരി താലൂക്കിലെ കുളനടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ദക്ഷിണ ദിനാജ്പൂർ, ഡൗലത്പൂർ സ്വദേശി പരൂക്ക് അലി (25), ജനാഫുൾ സ്വദേശി പ്രദീപ്‌ ഘോഷ് (36) എന്നിവരാണ് പിടിയിലായത്.

കുളനട – ഓമല്ലൂർ റോഡിൽ എസ്.ആർ പോളി ക്ലിനിക്കിന് മുൻവശത്ത് വെച്ചാണ് പ്രതികളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് വലയിലാക്കിയത്. K L 26 C 6593 നമ്പറിലുള്ള ടിവിഎസ് വേഗൊ സ്കൂട്ടറിലാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് 3.192 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

തുടർന്ന് എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികൾക്ക് ലഹരി കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.