പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും മരണം സംഭവിച്ച കേസിൽ നടൻ അല്ലു അർജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ചിക്കടപ്പള്ളി പോലീസ് ഈ ആഴ്ച കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നടനെ കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും തിയേറ്റർ മാനേജ്‌മെന്റും ഉൾപ്പെടെ 23 പേരെ പ്രതികളായി ചേർത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി അല്ലു അർജുനെയും മറ്റ് പ്രതികളെയും പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കിയതായും ഇനി നിയമപരമായ നടപടികൾ കോടതിയിൽ തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2024 ഡിസംബർ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയർ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ടാണ് 35 വയസ്സുകാരിയായ എം. രേവതി എന്ന യുവതി മരിച്ചത്. അവരുടെ ഒൻപത് വയസ്സുകാരനായ മകൻ ശ്രീതേജിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അല്ലു അർജുന്റെ ആരാധകനായ മകന്റെ ആഗ്രഹപ്രകാരമാണ് രേവതിയും കുടുംബവും സിനിമ കാണാൻ എത്തിയത്. ബെംഗളൂരു ആൾക്കൂട്ടദുരന്തം: ഉത്തരവാദി ആര്, അറസ്റ്റുചെയ്യുന്നത് ആരെ?,അല്ലു അർജുനെ ഓർമിപ്പിച്ച് ആരാധകർ അപകടത്തെത്തുടർന്ന് ഓക്സിജൻ നില കുറഞ്ഞ് ബോധരഹിതനായ ശ്രീതേജ്, സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിൽ മാസങ്ങളോളം വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നാല് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം 2025 ഏപ്രിൽ 29-നാണ് കുട്ടി ഡിസ്ചാർജ് ആയത്. നിലവിൽ ഹൈദരാബാദിലെ ന്യൂറോ റീഹാബിലിറ്റേഷൻ സെന്ററിൽ ദീർഘകാല ചികിത്സയിലാണ്.
