സഞ്ജു സാംസൺ ടി20 ലോകകപ്പിൽ ഓപ്പണറാകണമെന്ന് റോബിന്‍ ഉത്തപ്പ. ലോകകപ്പ് കിരീടം നിലനിർത്താൻ സഞ്ജു സാംസൺ അനിവാര്യമാണെന്ന് താന്‍ കരുതുന്നുവെന്നും ഉത്തപ്പ. ഉത്തപ്പ സഞ്ജുവിനെക്കുറിച്ച് പറഞ്ഞത് വിശദമായി വായിക്കാം.

എന്തുവന്നാലും 2026 ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ഓപ്പണറാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ ആരാകണമെന്ന് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. അഭിഷേക് ശര്‍മ തന്റെ ഓപ്പണര്‍ സ്ഥാനം നേരത്തെ തന്നെ അരക്കിട്ടുറപ്പിച്ചതാണ്. സഞ്ജു, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ അഭിഷേകിന്റെ സഹ ഓപ്പണറാകും. സഞ്ജു ഓപ്പണറാകാനാണ് സാധ്യതകളേറെയും.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള ഇഷാനെ ഓപ്പണറായി പരിഗണിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി റോബിന്‍ ഉത്തപ്പ രംഗത്തെത്തിയത്. ടി20 ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ സഞ്ജു എന്തായാലും ഉണ്ടാകണം. അതിന്റെ കാരണം എന്താണെന്നും റോബിന്‍ ഉത്തപ്പ വിശദീകരിച്ചു.

2024 ലെ ടി20 ലോകകപ്പിന് ശേഷം സെഞ്ചുറികള്‍ നേടിയവരില്‍ സഞ്ജുവുമുണ്ട്. ബംഗ്ലാദേശിനെതിരെ അദ്ദേഹം 100 റൺസ് നേടി. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം തുടർച്ചയായി സെഞ്ച്വറികൾ നേടിയെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി. സഞ്ജു സാംസണും അഭിഷേക് ശർമ്മയും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് തകർക്കാൻ എന്താണ് കാരണമെന്നും അദ്ദേഹം ചോദിച്ചു.

ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് മികച്ചതായിരുന്നു. രണ്ട് പേരും മികച്ച പ്രകടനം കാഴ്ചവച്ചു. ഇവരില്‍ ഒരാള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പോലും ടീമിന് വലിയ സ്‌കോര്‍ നേടാനാകുമെന്നും ഉത്തപ്പ വ്യക്തമാക്കി. സഞ്ജു സാംസൺ ടീമിൽ വളരെയധികം സന്തുലിതാവസ്ഥ കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പ് ഫൈനലിൽ തിലക് വർമ്മയോടൊപ്പം അദ്ദേഹം എങ്ങനെയാണ് സമ്മര്‍ദ്ദത്തെ നേരിട്ടതെന്ന് നാം കണ്ടതാണ്. ഇരുവരുടെയും ആ കൂട്ടുകെട്ട് പ്രധാനപ്പെട്ടതായിരുന്നു. സഞ്ജു സാംസണെ കളിപ്പിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നാം നമ്പറിലോ ബാറ്റ് ചെയ്യിക്കണം. അതിന് താഴെ അരുത്. സഞ്ജു ഐപിഎല്ലില്‍ ഫ്രാഞ്ചൈസിയെ നയിച്ചിട്ടുള്ളതാണ്. അതിനാൽ അദ്ദേഹത്തിന് ആ അനുഭവസമ്പത്തുമുണ്ടെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞു.

“അതുകൊണ്ട് തന്നെ എപ്പോഴാണ് സാധ്യതകൾ കൂടുതലെന്നും എങ്ങനെ പ്രകടനം നടത്തണമെന്നും അദ്ദേഹത്തിനറിയാം. ലോകകപ്പ് കിരീടം തുടർച്ചയായി നിലനിർത്തണമെങ്കിൽ അദ്ദേഹം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നു”, റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.

വീഡിയോ കാണാം