കേസിലെ മറ്റൊരു പ്രധാനിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മണിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. തിരുവനന്തപുരത്ത് വെച്ച് ഇവർ സ്വർണ്ണപ്പാളികൾ കൈമാറിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഡിണ്ടിഗൽ: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി മണിയുടെ സ്ഥാപനങ്ങളിലും വീട്ടിലും പ്രത്യേക അന്വേഷണ സംഘം (SIT) മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആരംഭിച്ച പരിശോധനയിൽ മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വസതിയും വിഗ്രഹങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനവും റെയ്ഡ് ചെയ്തു.
ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ മണി വാങ്ങിയതായി ഒരു വിദേശ വ്യവസായി മൊഴി നൽകിയിരുന്നു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സ്വർണ്ണക്കൊള്ളയിൽ മണിക്ക് പങ്കുണ്ടെന്ന് നേരത്തെ ആരോപിച്ചിരുന്നു. ‘ബാലമുരുകൻ’ എന്ന യഥാർത്ഥ പേരുള്ള മണി, ‘ഡയമണ്ട് മണി’, ‘ദാവൂദ് മണി’ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇറിഡിയം തട്ടിപ്പ് ഉൾപ്പെടെയുള്ള വൻ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഇയാൾ പ്രതിയാണെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി ബന്ധം
കേസിലെ മറ്റൊരു പ്രധാനിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മണിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. തിരുവനന്തപുരത്ത് വെച്ച് ഇവർ സ്വർണ്ണപ്പാളികൾ കൈമാറിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം, ചോദ്യം ചെയ്യലിന് ശേഷം മണി മാധ്യമങ്ങളോട് പ്രതികരിച്ചത് “ശബരിമല സ്വർണ്ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നാണ്. തന്റെ പേര് എം.എസ്. മണി എന്നാണ്. ബാലമുരുകൻ എന്ന സുഹൃത്ത് തന്റെ പേരിലുള്ള ഫോൺ നമ്പർ ഉപയോഗിക്കുന്നത് കൊണ്ടാണ് എസ്‌ഐടി തന്നെ തേടിയെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് അറിയില്ല.”
താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് മാത്രമാണ് നടത്തുന്നതെന്നും സ്വർണ്ണക്കച്ചവടം ഇല്ലെന്നും ഇയാൾ എസ്‌ഐടിയോട് പറഞ്ഞു. എന്നാൽ മണിയുടെയും സംഘത്തിന്റെയും മുൻകാല തട്ടിപ്പ് പശ്ചാത്തലം കണക്കിലെടുത്ത് മൊഴികൾ പൂർണ്ണമായും വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. റെയ്ഡിൽ ലഭിച്ച രേഖകളും ഫോൺ രേഖകളും പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.
