മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നെന്നും ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ് എന്നും വി ഡി സതീശന്‍. സുബ്രഹ്‌മണ്യന്‍ മാത്രമല്ല പല സിപിഐഎം നേതാക്കളും എഐ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും, എന്‍ സുബ്രഹ്‌മണ്യനെ എഐ ചിത്രം പങ്കുവച്ച കേസില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
സുബ്രഹ്‌മണ്യന്‍ മാത്രമല്ല പല സിപിഐഎം നേതാക്കളും എഐ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും മാന്യമായി ജീവിക്കുന്നവരെ വലിയ ക്രിമിനലിനെപ്പോലെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമെന്തെന്നും വി ഡി സതീശന്‍ ചോദിച്ചു. കേരളത്തില്‍ എഐ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചിട്ടുള്ളത് സിപിഐഎമ്മാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വയനാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും തന്റേയും കെ സി വേണുഗോപാലിന്റേയും രമേശ് ചെന്നിത്തലയുടേയും എഐ ചിത്രങ്ങളും നൃത്തം വയ്ക്കുന്ന എഐ വിഡിയോകളും പ്രചരിപ്പിച്ചിട്ടുണ്ട്. അതിനൊന്നും കേസെടുക്കാത്തതെന്താണെന്നും വി ഡി സതീശന്‍ ചോദിച്ചു.
‘മിസ്റ്റര്‍ പിണറായി വിജയന്‍, ഏകാധിപതി ചമഞ്ഞാല്‍ ഞങ്ങള്‍ക്ക് പേടിയില്ല. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ്. നിങ്ങളുടെ അവസാന ഭരണമാണ് ഇത്. അതാണോ ഈ അഹങ്കാരം കാണിക്കുന്നത്. ശബരിമല പാട്ടിലെ കേസില്‍ നിന്ന് നിങ്ങള്‍ ഓടിയ വഴിയില്‍ പുല്ലുപോലും മുളച്ചിട്ടില്ല. ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നവര്‍ക്ക് ജയിലില്‍ ലഹരി വരെ എത്തിക്കുന്നില്ലേ? പൊലീസ് ജീപ്പിന് ബോംബെറിഞ്ഞ സിപിഐഎം നേതാവിന് ഒരു മാസം തികയും മുന്‍പ് പരോള്‍ നല്‍കിയ സര്‍ക്കാരാണിത്. മാന്യമായി ജീവിക്കുന്ന ആളുകളെ രാത്രിയില്‍ അറസ്റ്റ് ചെയ്തുകൊണ്ട് പോകുകയാണ്. നിങ്ങള്‍ ഏകാധിപതി ചമഞ്ഞോളൂ. ഞങ്ങള്‍ക്ക് ഭയമില്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചു.
