കോഴിക്കോട്: കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ ആയിരുന്നു ഇന്ന് രാവിലെ എൻ.സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തത്.
കലാപത്തിന് ആഹ്വാനം നടത്തി എന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ചേവായൂർ പൊലീസ് സ്വമേധയാ എടുത്ത കേസ് പ്രകാരമാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ സുബ്രഹ്മണ്യന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. രാവിലെ വീട്ടിലെത്തിയാണ് ചേവായൂർ പൊലീസ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെ സ്റ്റേഷനിൽ എത്തിച്ചതോടെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസിന്റെ നേതൃത്വത്തിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ സമരം നടത്തി. നാടകീയ രംഗങ്ങൾക്കൊടുവിൽ ഉച്ചയ്ക്കു 12 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി സുബ്രഹ്മണ്യനെ സ്റ്റേഷനിലെത്തിയ നേതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. കേരളത്തിലെ പൊലീസ് എകെജി സെന്ററിന്റെ അജൻഡ നടപ്പിലാക്കുകയാണെന്ന് സ്റ്റേഷനിൽ നിന്ന് വിട്ടയച്ച ശേഷം എൻ.സുബ്രഹ്മണ്യൻ പ്രതികരിച്ചു. സമൂഹമാധ്യമത്തിൽ നൽകിയ ചിത്രം നേരത്തെ പങ്കുവച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസില്ല, അറസ്റ്റില്ല.
രാവിലെ ആറുമണിക്ക് വീട്ടിലെത്തിയ പൊലീസ് മൊഴിയെടുക്കാനുണ്ടെന്നാണ് പറഞ്ഞത്. പ്രാതൽ കഴിക്കാൻ പോലും സമ്മതിച്ചില്ല. ഇതിനിടെ ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സിഐ പൊലീസ് വാഹനത്തിൽ തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇതിനിടെ വൈദ്യപരിശോധന നടത്തണമെന്ന് ഒപ്പം വന്ന പൊലീസുകാരനോട് ആരോ നിർദേശിച്ചത് പ്രകാരമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രക്തസമ്മർദ്ദം ഉയർന്നു നിന്നതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം അവിടെ കുറച്ചുനേരം വിശ്രമിച്ച ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. സമൂഹമാധ്യമത്തിൽ ഉൾപ്പെടുത്തിയ ചിത്രങ്ങൾ പിൻവലിക്കില്ല. സിപിഎമ്മിലുള്ളവർ ശബരിമല സ്വർണകൊള്ള കേസിൽ പ്രതികളായി ജയിലിലാണ്. അവർക്കെതിരെ നടപടി സ്വീകരിക്കാത്ത സർക്കാരാണ് ഒരു ചിത്രത്തിനു മേൽ ഇത്തരത്തിൽ നടപടികൾ എടുക്കുന്നത്. അറസ്റ്റ് ചെയ്താലും ജയിൽ ഇട്ടാലും പിണറായി സർക്കാരിനെതിരായ നിലപാടിൽ മുന്നിൽ തന്നെ നിൽക്കുമെന്നും എൻ.സുബ്രഹ്മണ്യൻ പ്രതികരിച്ചു.
