ചെന്നൈ: രാജസ്ഥാൻ റോയൽസിൽ നിന്നു ടീമിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നു. എംഎസ് ധോനിയുടെ പിൻ​ഗാമിയെന്ന നിലയിൽ ഭാവി നായകനെ കൂടി ചെന്നൈ സഞ്ജുവിൽ കാണുന്നുവെന്നതാണ് നീക്കത്തിനു പിന്നിൽ. ഐപിഎൽ മിനി ലേലത്തിനു മുൻപ് 18 കോടി രൂപയ്ക്കാണ് ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചത്.

വെറ്ററൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്താണ് മലയാളി താരം ചെന്നൈ സ്വന്തം പാളയത്തിലെത്തിച്ചത്. ജഡേജയ്ക്കൊപ്പം ഇം​ഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനേയും ചെന്നൈ രാജസ്ഥാനു നൽകിയിരുന്നു. അടുത്ത സീസൺ കൂടി കഴിഞ്ഞാൽ ധോനി ഐപിഎല്ലിൽ നിന്നു വിരമിക്കും. ഇതോടെ സഞ്ജുവായിരിക്കും ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തുക എന്നാണ് വിലയിരുത്തൽ. നിലവിൽ ഋതുരാജ് ​ഗെയ്ക്വാദാണ് ടീമിന്റെ നായകൻ.

വരുന്ന സീസണിൽ എല്ലാ കളിയിലും എംഎസ് ധോനി വിക്കറ്റ് കീപ്പറായി നിൽക്കാൻ സാധ്യതയില്ല. ചില മത്സരങ്ങളിൽ ധോനി ഇംപാക്ട് പ്ലെയറായി കളിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ സഞ്ജുവായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പറായി നിൽക്കു. ധോനി, സഞ്ജു എന്നിവരെ കൂടാതെ ഉർവിൽ പട്ടേലും വിക്കറ്റ് കീപ്പറായി ടീമിനൊപ്പമുണ്ട്. എങ്കിലും ഫസ്റ്റ് ചോയ്സ് സഞ്ജു തന്നെയായിരിക്കും.