കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവൻശിക്ക് രാജ്യത്തിൻ്റെ പരമോന്നത പുരസ്കാരം. രാജ്യം നൽകുന്ന ഏറ്റവും വലിയ ബാലപുരസ്കാരമായ പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ ആണ് 14 വയസുകാരനായ ബീഹാർ താരം പ്രസിഡൻ്റ് ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ഭവനിൽ വച്ചാണ് പ്രസിഡൻ്റ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്. അഞ്ച് വയസിനും 18 വയസിനും പ്രായമുള്ള കുട്ടികൾക്ക് രാജ്യം നൽകുന്ന ഏറ്റവും പരമോന്നത പുരസ്കാരമാണ് ഇത്.
വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ 84 പന്തിൽ 190 റൺസ് നേടിയതിന് പിന്നാലെയാണ് താരത്തിന് ഈ പുരസ്കാരം ലഭിച്ചത്. 36 പന്തിൽ സെഞ്ചുറിയടിച്ച താരം ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനെന്ന നേട്ടവും കുറിച്ചിരുന്നു. താരം ഈ കളി നേടിയ 15 സിക്സറുകൾ ലിസ്റ്റ് എയിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ റെക്കോർഡാണ്.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണവുമായി കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായാണ് വൈഭവ് കളിച്ചത്. അരങ്ങേറ്റ സീസണിൽ തന്നെ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ചുറിയും താരം കുറിച്ചു. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിലാണ് താരം സെഞ്ചുറി തികച്ചത്. പിന്നാലെ അണ്ടർ 19 ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ 171 റൺസ് നേടിയ താരത്തിന് ഫോം തുടരാൻ സാധിച്ചില്ല. ഒടുവിൽ ഇന്ത്യ ഫൈനലിൽ പാകിസ്താനോട് പരാജയപ്പെടുകയും ചെയ്തു. സഞ്ജു സാംസൺ ടീം വിട്ടതിനാൽ വരുന്ന സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന ഓപ്പണറാണ് വൈഭവ് സൂര്യവൻശി.
