മൂന്ന് വർഷത്തിനിടെ വിവാഹമോചനം നേടാതെ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ച യുവാവിനെ ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ പോലീസ് അറസ്റ്റ് ചെയ്തു. പിന്റു ബർൺവാൾ എന്ന യുവാവാണ് തന്റെ മുൻ ഭാര്യമാരെ വിവാഹമോചനം ചെയ്യാതെ വീണ്ടും വിവാഹങ്ങൾ കഴിച്ച് നിയമക്കുരുക്കിലായത്. ഇയാളുടെ ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഗാർഹിക പീഡനം, സ്ത്രീധന പീഡനം, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പിന്റു തുടർച്ചയായി വിവാഹങ്ങൾ കഴിക്കുന്നതെന്നും പീഡനത്തിന് ശേഷം ഇവരെ ഉപേക്ഷിക്കുകയാണെന്നും ഭാര്യമാർ ആരോപിച്ചു.

അതേസമയം, തനിക്കെതിരെയുള്ള സ്ത്രീധന പീഡനാരോപണങ്ങളും മർദ്ദന പരാതികളും പിന്റു നിഷേധിച്ചു. താൻ മൂന്ന് വിവാഹങ്ങൾ കഴിച്ചുവെന്നത് സത്യമാണെന്നും എന്നാൽ സാഹചര്യങ്ങൾ തന്നെ അതിന് നിർബന്ധിതനാക്കിയതാണെന്നുമാണ് ഇയാളുടെ വാദം.

“സ്ത്രീധനമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. എന്റെ അമ്മയ്ക്ക് 60 വയസ്സായി, അവർക്ക് സുഖമില്ല. അവരെ പരിചരിക്കാൻ ഭാര്യമാർ തയ്യാറായില്ല. രണ്ട് ദിവസം പോലും അവർ ആഹാരം പാകം ചെയ്തില്ല. പകരം ഞാനും അമ്മയും ചേർന്നാണ് അവർക്ക് ഭക്ഷണം നൽകിയത്,” പിന്റു വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. തന്റെ ആദ്യ ഭാര്യ അമ്മയെ കൊല്ലാൻ ശ്രമിച്ചുവെന്നും ഗ്രാമവാസികൾക്ക് ഇതറിയാമെന്നും ഇയാൾ ആരോപിച്ചു.