ശബരിമല മണ്ഡലപൂജ നാളെ. മണ്ഡലപൂജയുടെ ഭാഗമായി ഭക്തർക്ക് ശബരിമല ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26 അതായത് ഇന്ന് 30,000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27 അതായത് നാളെ 35000 പേരെയും മാത്രമാണ് വെർച്വൽ ക്യൂ വഴി ബുക്കിങ്ങിന് അനുവദിക്കുക.
കൂടാതെ ഇന്നും നാളെയും സ്പോട്ട് ബുക്കിംഗ് 2000 പേർക്കായി ചുരുക്കും. കൂടാതെ ഇന്ന് രാവിലെ 9 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും 10 മണിക്ക് ശേഷം പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല എന്നും അറിയിച്ചു. തങ്ക അങ്കി ഘോഷയാത്ര ശരംകുത്തിയിൽ എത്തിയശേഷം മാത്രമേ പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടുന്നത് പുനരാരംഭിക്കു എന്നും റിപ്പോർട്ട്.
മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഇതിനോടകം പുറപ്പെട്ടു. ഇന്ന് തങ്കയങ്കി സന്നിധാനത്തെ എത്തും. ഡിസംബർ 27ന് രാവിലെയാണ് മണ്ഡലപൂജ നടക്കുക. തിരുവിതാംകൂർ ചിത്തിര തിരുനാൾ മഹാരാജാവ് സമർപ്പിച്ച തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പമ്പയിൽ നിന്നും പുറപ്പെടുന്ന തങ്ക അങ്കി ഘോഷയാത്ര വൈകുന്നേരം അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തിച്ചേരുന്നതായിരിക്കും.
അവിടെനിന്നും ആചാരഅനുഷ്ടാനത്തോടെ സന്നിധാനത്തേക്ക് ആനയിക്കുന്ന ഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളിൽ വെച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് വൈകുന്നേരം 6.30-ന് അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. ഡിസംബർ 27-ന് ഉച്ചയ്ക്കാണ് മണ്ഡലകാല തീർത്ഥാടനത്തിന് സമാപ്തി കുറിച്ചുകൊണ്ട് തങ്ക അങ്കി ചാർത്തിയുള്ള പ്രസിദ്ധമായ മണ്ഡലപൂജ നടക്കുന്നത്.അതേസമയം ശബരിമലയിൽ നെയ്യഭിഷേകത്തിന്റെ സമയ ക്രമത്തിൽ മാറ്റം. നാളെ രാവിലെ 10:30 വരെ ഭക്തർക്ക് നെയ്യഭിഷേകം ചെയ്യാം. ശനിയാഴ്ച രാവിലെ 9:30 വരെയാണ് നെയ്യഭിഷേകത്തിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
