തിരുവനന്തപുരം: തൃശ്ശൂരിലും ഇടുക്കിയിലും മദ്യലഹരിയിൽ കൊലപാതകം . തൃശ്ശൂർ പേരമംഗലത്ത് മദ്യലഹരിയിൽ യുവാവ് ബന്ധുവിനെയാണ് കൊലപ്പെടുത്തിയത്. നട്ടാക്ക് പാടം കാട്ടിലേത്ത് വീട്ടിൽ പ്രേമദാസ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ മൺവെട്ടി കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രേമദാസിനെ മഹേഷ് കൊലപ്പെടുത്തിയിരിക്കുന്നത്.

പ്രേമദാസിന്റെ സഹോദര പുത്രനാണ് മഹേഷ്. ഇയളാ‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ഇതേ തുടർന്ന് പ്രശ്നങ്ങൾ പതിവായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം. മദ്യപിച്ചെത്തിയ പ്രതി പ്രേമദാസുമായി തർക്കിക്കുകയും ഇതിനിടയിൽ മൺവെട്ടിക്കൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.

അതിനിടെ ഇടുക്കിയിലും സമാന സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേരികുളത്ത് മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാൻഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ (40) ആണ് സുഹൃത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലപാതക കേസിൽ ഇടത്തിപറമ്പിൽ സോജനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിൽ സോജൻ റോബിനെ കല്ലുക്കൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിൻ്റെ പ്രാഥമിക വിവരം. റോബിൻ്റെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനയക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.