24 മണിക്കൂറും ക്യാമറാ നിരീക്ഷണവും പോലീസ് കാവലും വിജിലൻസ് പരിശോധനയും നടക്കുന്നയിടത്താണ് ഇത്തരമൊരു മോഷണം നടന്നിരിക്കുന്നത്. ജോലിക്കിടയിൽ 23,130 രൂപയാണ് ഇയാൾ മോഷ്ടിച്ചത്. തൃശ്ശൂർ വെമ്പല്ലൂർ സ്വദേശി കെ ആർ രതീഷാണ് അറസ്റ്റിലായത്.

സന്നിധാനം: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നിടത്ത് മോഷണം. ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചയാളെ പിടികൂടി. താത്കാലിക ജീവനക്കാരനാണ് ദേവസ്വം വിജിലൻസിൻ്റെ പിടിയിലായിരിക്കുന്നത്. ജോലിക്കിടയിൽ 23,130 രൂപയാണ് ഇയാൾ മോഷ്ടിച്ചത്. തൃശ്ശൂർ വെമ്പല്ലൂർ സ്വദേശി കെ ആർ രതീഷാണ് അറസ്റ്റിലായത്. സംഭവത്തിൽ സന്നിധാനം പോലീസ് കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ജോലിക്കിടയിൽ ശൗചാലയത്തിൽ പോകാനായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് 3000 രൂപ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയത്. കാണിക്കയായി ലഭിച്ച പണം വേർതിരിക്കുമ്പോൾ ധരിക്കാനായി കൊടുത്ത തുണികൊണ്ടുള്ള കൈയുറയ്ക്ക് ഉള്ളിലാണ് 500-ന്റെ ആറ് നോട്ടുകൾ രതീഷ് ഒളിപ്പിച്ചിരുന്നത്.

തുടർന്ന് ദേവസ്വം വിജിലൻസ് ഇയാൾ താമസിക്കുന്നയിടത്ത് പരിശോധന നടത്തിയപ്പോൾ 20130 രൂപയും കൂടി ഇത്തരത്തിൽ കണ്ടെത്തി. നോട്ടുകൾ ചുരുട്ടി ഗുഹ്യഭാഗത്തുവെച്ച് പുറത്തേയ്ക്ക് എത്തിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. 24 മണിക്കൂറും ക്യാമറാ നിരീക്ഷണവും പോലീസ് കാവലും വിജിലൻസ് പരിശോധനയും നടക്കുന്നയിടത്താണ് ഇത്തരമൊരു മോഷണം നടന്നിരിക്കുന്നത്. ജീവനക്കാരെ ഒറ്റമുണ്ട് മാത്രം ധരിച്ചേ ഇവിടേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

അതിനിടെ കഴിഞ്ഞ ദിവസം മാളികപ്പുറം മേൽശാന്തി മഠത്തിനോട് ചേർന്ന് അരിച്ചാക്കുകൾ സൂക്ഷിച്ചിരുന്നിടത്തു നിന്ന് ദേവസ്വം വിജിലൻസ് 64354 രൂപയും കണ്ടെത്തി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് നാണയങ്ങളും നോട്ടുകളുമായി ഇത്രയും തുക ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കാണിക്കയായി വീഴുന്ന തുക ആരോ മോഷ്ടിച്ച് ചാക്കുകെട്ടുകൾക്കിടയിൽ സൂക്ഷിച്ചതാകാമെന്നാണ് വിജിലൻസിന്റെ നിഗമനം.