കൊച്ചി: മട്ടാഞ്ചേരിയിൽ തടവുകാരൻ ജയിൽ ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ചതായി പരാതി. ലഹരിക്കേസിൽ പിടിയിലായ തൻസീറാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. റിജുമോൻ എന്ന ഉദ്യോഗസ്ഥനാണ് മർദ്ദനത്തിനിരയായത്.
ഇന്നലെ രാവിലെ മട്ടാഞ്ചേരി സബ് ജയിലിലാണ് സംഭവം നടന്നത്. സമയം കഴിഞ്ഞിട്ടും തടവറയ്ക്കുള്ളിൽ കയറാത്തത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സെല്ലിന് പുറത്തിറങ്ങിയ തൻസീറിനോട് അകത്തുകയറാൻ റിജുമോൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി ഇരുമ്പ് മൂടികൊണ്ട് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച മറ്റ് ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥനായ ബിനു നാരായണന്റെ കൈ പ്രതി തിരിച്ച് ഒടിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് തൻസീറിനെ പിടിച്ചുമാറ്റിയത്. ഇയാൾക്കെതിരെ ആറോളം വകുപ്പുകൾ ചുമത്തി കേസെടുത്തു. ഉദ്യോഗസ്ഥർ രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.
