കോഴിക്കോട്: പോലീസിലെ ദുഷ്പ്രവണതകൾക്കെതിരെ നിരന്തരമായി പ്രതികരിക്കുകയും സോഷ്യൽ മീഡിയയിലൂടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്ത സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ ഔദ്യോഗിക സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗുരുതരമായ അച്ചടക്കലംഘനം, കൃത്യവിലോപം, സേനയുടെയും സർക്കാരിന്റെയും അന്തസ്സിന് കളങ്കമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ഏറെ നാളായി സസ്പെൻഷനിലായിരുന്ന ഉമേഷിനെതിരെ ആഭ്യന്തര വകുപ്പ് എടുത്ത താൽക്കാലിക തീരുമാനം ഇപ്പോൾ സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങുകയായിരുന്നു.
ഉമേഷിനെപ്പോലെ അച്ചടക്കമില്ലാത്ത ഒരാൾ സേനയിൽ തുടരുന്നത് സഹപ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നാണ് അധികൃതരുടെ വാദം. നേരത്തെയും നിരവധി അച്ചടക്ക നടപടികൾ നേരിട്ടിട്ടുള്ള ഉമേഷ്, പോലീസ് ഉദ്യോഗസ്ഥന്റെ പ്രാഥമിക കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും പെരുമാറ്റദൂഷ്യം കാണിച്ചെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ശിക്ഷാനടപടികൾ പലതവണ വന്നിട്ടും തിരുത്താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടലെന്ന കടുത്ത നടപടിയിലേക്ക് അധികൃതർ നീങ്ങിയത്.
എന്നാൽ തനിക്കെതിരെയുള്ള നടപടി തികഞ്ഞ പ്രതികാരബുദ്ധിയോടെയുള്ളതാണെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. പിരിച്ചുവിടൽ ഉത്തരവ് ലഭിച്ച സാഹചര്യത്തിൽ ട്രിബ്യൂണലിനെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് വ്യക്തമാക്കി. നേരത്തെ നൽകിയ പിരിച്ചുവിടൽ നോട്ടീസിന് വിശദമായ മറുപടി നൽകിയിരുന്നെങ്കിലും അത് തള്ളുകയായിരുന്നു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
