തിരുവനന്തപുരം: കോർപ്പറേഷൻ ഭരണം പിടിക്കാൻ ബിജെപി ഒരുങ്ങവെ, ശക്തമായ പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നിര. മേയർ സ്ഥാനത്തേക്ക് മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഭൂരിപക്ഷമില്ലെങ്കിലും മത്സരരംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയ എൽഡിഎഫ്, ആർ.പി. ശിവജിയെ തങ്ങളുടെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. ഇതോടെ ഇന്നു നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.
ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും സജീവ സാന്നിധ്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് ശബരീനാഥനെ രംഗത്തിറക്കിയത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പം മത്സരിക്കും. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി തങ്ങളുടെ മേയർ സ്ഥാനാർത്ഥിയെ സംബന്ധിച്ച സസ്പെൻസ് ഇനിയും നീക്കിയിട്ടില്ല. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനാണോ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കോ നറുക്ക് വീഴുക എന്നതിലാണ് ആകാംക്ഷ. എന്നാൽ അപ്രതീക്ഷിതമായ ഒരു ‘സർപ്രൈസ്’ പേര് വന്നേക്കാമെന്നും സൂചനയുണ്ട്. സസ്പെൻസ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്. ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടെങ്കിലും ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി കേന്ദ്രങ്ങൾ.
