തിരുവനന്തപുരം: മയക്കുമരുന്ന് ലഹരിയിലായിരുന്നു യുവാവിന്റെ പരാക്രമം. കെഎസ്ആർടിസി ബസിന്റെ ചില്ല് കല്ല് ഉപയോഗിച്ച് തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. രാജേഷ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി തൃശൂർ പുതുക്കാടിന് സമീപമായിരുന്നു സംഭവം. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലക്കാട് നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിൽ തൃശൂരിൽ നിന്നു കയറിയ രാജേഷ് ടിക്കറ്റ് എടുക്കാൻ പോലും തയാറാകാതെ ബഹളം വയ്ക്കുകയും സ്ത്രീകൾ അടക്കമുള്ളവരെ തെറി വിളിക്കുകയും ചെയ്തു. തുടർന്ന് കണ്ടക്ടറും യാത്രക്കാരും ചേർന്ന് ഇയാളെ പുതുക്കാടിനു സമീപം തലോർ എന്ന സ്ഥലത്ത് ഇറക്കിവിടാൻ ശ്രമിച്ചു. ഇതോടെ ഇയാൾ കണ്ടക്ടർ രാഹുലിനെയും ഡ്രൈവർ സുദീഷ് കുമാറിനെയും ആക്രമിക്കാൻ ശ്രമിച്ചു.
പിന്നീട് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ വഴിയരുകിൽ ഉണ്ടായിരുന്ന ഒരു കല്ലെടുത്ത് ബസിന്റെ സൈഡ് ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു. ഇതേതുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ യാത്രക്കാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയും ചെയ്തു.
