തൊഴിലുറപ്പ്പദ്ധതി ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധമുയരുമ്പോള്‍ ഇടംവലംനോക്കാതെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഗാന്ധിജി വിഭാവനംചെയ്ത രാമരാജ്യസങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണിതെന്നാണ് കേന്ദ്ര കൃഷി ഗ്രമവികസന മന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ പറയുന്നത്. ആ രാമരാജ്യത്ത് തൊഴിലും ഉറപ്പും ഉണ്ടാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയാണ് വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ ഗ്രാമീണ്‍ ബില്ല് (വിബി-ജിറാംജി) അവതരിപ്പിച്ചത്. ഗാന്ധിജിയുടെ പേര് മാറ്റിയത് ഗാന്ധിനിന്ദയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യത്തെകുറിച്ച് കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിക്കുന്നത്. തൊഴില്‍ ദിനങ്ങള്‍ 100 ല്‍നിന്ന് 125 ആക്കിയിട്ടുണ്ടെങ്കിലും വേതനം കൂട്ടിയിട്ടില്ല. പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായിരുന്ന ഇതില്‍ ഇനി 40ശതമാനം വേതനം സംസ്ഥാനങ്ങള്‍ വഹിക്കണം. ഫലത്തില്‍ തൊഴിലും വേതനവും കടലാസില്‍ ഒതുങ്ങുമെന്ന് സാരം.

പാര്‍ലമെന്റിനകത്തും പുറത്തും വന്‍പ്രതിഷേധവും പ്രചാരണവും ഉണ്ടായെങ്കിലും മറ്റ് പലകാര്യത്തിലുമെന്നപോലെ രാമരാജ്യത്തിലേക്ക് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ കുതിപ്പ്. ബിജെപിയോട്
മൃദുസമീപനമുള്ള ശശിതരൂര്‍പോലും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധം താഴെത്തട്ടിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മറ്റ് കക്ഷികളും പ്രതിഷേധത്തിന് മൂര്‍ച്ചകൂട്ടുകയാണ്. കേന്ദ്രസര്‍ക്കാര്‍ സമവായത്തിന് തയ്യാറായില്ലെങ്കില്‍ പതിനായിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികള്‍ക്ക് പ്രതീക്ഷയായിരുന്ന തൊഴിലുറപ്പ്പദ്ധതിയില്‍ ഇനി ഒരുറപ്പും ഉണ്ടാവില്ലെന്ന് സാരം.