ഗവര്‍ണ്ണര്‍ നിയമനപ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ മുട്ടുമടക്കിയെന്ന് കോണ്‍ഗ്രസ്. ആര്‍എസ്എസ്-എല്‍ഡിഎഫ് അന്തര്‍ധാരയുടെ ഭാഗമാണ് മുഖ്യമന്ത്രി-ഗവര്‍ണ്ണര്‍ സമവായമെന്ന് കെ.സി.വേണുഗോപാല്‍ ആരോപിച്ചു. വൈസ്ചാന്‍സലര്‍ നിയമനം സുപ്രീംകോടതി ഏറ്റെടുത്തസാഹചര്യത്തിലാണ് മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ചര്‍ച്ചനടത്തി, സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണ്ണറുടെ താത്പ്പര്യമനുസരിച്ച് ഡോ.സിസ തോമസിനേയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ ഇഷ്ടത്തിനനുസരിച്ച് ഡോ.സിജി ഗോപിനാഥിനേയും നിയമിച്ചത്. യുദ്ധവേഗത്തില്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി മുട്ടുമടക്കിയിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പോര്‍വിളി നടത്തി സുപ്രീംകോടതി വരെ കേസും നോക്കി ലക്ഷങ്ങള്‍ ചെലവഴിച്ചശേഷമാണ് ധാരണയിലെത്താനുള്ള തീരുമാനം. സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി ഉറപ്പായപ്പോഴാണ് ഇരുപക്ഷത്തേയും വീണ്ടുവിചാരം. സുപ്രീംകോടതി വിധിക്കെതിരെ ഗവര്‍ണ്ണര്‍ പരസ്യമായി രംഗത്തുവന്നതും വിവാദമായിരുന്നു.
BREAKING NEWS, CRIME NEWS, KERALA NEWS, LATEST NEWS, Politics News Today, TOP NEWS, VIRAL NEWS
മുഖ്യമന്ത്രി മുട്ടുമടക്കി
