ബരിമല സ്വര്‍ണ്ണക്കൊള്ള വാര്‍ത്തയും വിവാദവുമൊക്കെയായി സംസ്ഥാനസര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുമ്പോള്‍, തന്നെ സ്വര്‍ണ്ണക്കള്ളനെന്ന് വിളിക്കല്ലേ എന്ന അഭ്യര്‍ത്ഥനയുമായി മുന്‍ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടകംപള്ളിക്കെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരായ മാനനഷ്ടക്കേസ് കോടതി പരിഗണിക്കുന്നതിനിടെയാണ് കടകംപള്ളിയുടെ അഭിഭാഷകന്‍ ഈ അഭ്യര്‍ത്ഥനനടത്തിയത്. സ്വര്‍ണ്ണക്കൊള്ളവിവാദത്തിന്റെ തുടക്കം മുതല്‍ മുന്‍മന്ത്രിക്കെതിരെ ഒളിയമ്പുകളെയ്ത സതീശന്‍ ദേവസ്വം പ്രസിഡണ്ടും കമ്മീഷണറും ഉദ്യോഗസ്ഥരുമൊക്കെ പിടിയിലായതോടെ ആരോപണം കടുപ്പിക്കുകയായിരുന്നു. ദേവസ്വം മന്ത്രിയറിയാതെ സ്വര്‍ണ്ണംചെമ്പാവില്ലെന്ന ഉറച്ചനിലപാടിലാണ് പ്രതിപക്ഷനേതാവ്. വക്കീല്‍നോട്ടീസും മാനനഷ്ടക്കേസും ഒക്കെയായിട്ടും സതീശന്‍ വഴങ്ങാത്തതിനെതുടര്‍ന്നാണ് കള്ളനെന്നുവിളക്കല്ലേയെന്ന നയതന്ത്രം. അക്കാര്യത്തിലും അനുകൂല നിലപാടുണ്ടായില്ല. എന്തായാലും തെളിവുണ്ടെങ്കില്‍ കാണിക്കാന്‍ സതീശനെ വെല്ലുവിളിച്ച് കടകംപള്ളി ഫേസ്ബുക് പോസ്റ്റിറക്കിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ള വിവാദത്തിന്റെ തിരയേറ്റത്തില്‍പെട്ട് പഞ്ചായത്തുതെരഞ്ഞടുപ്പില്‍ ഇടിച്ചുതകര്‍ന്ന ഇടതുമുന്നണി, കരകയറാന്‍ പാടുപെടുന്നതിനിടയിലാണ് കടകംപള്ളിയുടെ ഈ സമാന്തരപോരാട്ടം.