ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഉപേക്ഷിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. വായുഗുണനിലവാരം മോശമായതുകൊണ്ടാണ് കളി മുടങ്ങിയതെന്നും വായുഗുണനിലവാരം മികച്ചുനിൽക്കുന്ന തിരുവനന്തപുരത്ത് കളി നടത്തൂ എന്നും ശശി തരൂർ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിൻ്റെ പ്രതികരണം.
‘ലഖ്നൗവിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിനായി ആരാധകരുടെ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ, മിക്ക ഉത്തരേന്ത്യൻ പട്ടണങ്ങളിൽ ഉള്ളതുപോലെ കനത്ത മൂടൽ മഞ്ഞിനും 411 എന്ന വായുഗുണനിലവാരത്തിനും നന്ദി. ക്രിക്കറ്റ് കളിക്ക് അനുമതി നൽകാൻ കഴിയുന്നതിലും മോശം വിസിബിലിറ്റിയാണ് ഉണ്ടായിരുന്നത്. കളി തിരുവനന്തപുരത്താണ് നടത്തേണ്ടിയിരുന്നത്. ഇവിടെ ഇപ്പോൾ എയർ ക്വാളിറ്റി ഇൻഡക്സ് 68 ആണ്.’- ശശി തരൂർ കുറിച്ചു.
കനത്ത മൂടൽ മഞ്ഞ് കാരണമാണ് ലഖ്നൗവിൽ തീരുമാനിച്ചിരുന്ന കളി ഉപേക്ഷിച്ചത്. പലതവണ വിസിബിലിറ്റി പരിശോധിച്ചെങ്കിലും കളി നടത്താൻ സാധിച്ചില്ല. ഹാർദിക് പാണ്ഡ്യ മാസ്കണിഞ്ഞാണ് സ്റ്റേഡിയത്തിൽ എത്തിയത്. പരിക്കേറ്റ ശുഭ്മൻ ഗില്ലിന് ഈ മത്സരത്തിൽ നിന്ന് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജു സാംസൺ ഓപ്പണിംഗിലേക്ക് തിരികെ എത്തിയേക്കും എന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, കളി ഉപേക്ഷിച്ചതിനാൽ സഞ്ജുവിന് അവസരം ലഭിച്ചില്ല.
പരമ്പരയിലെ അവസാന മത്സരം ഈ മാസം 19നാണ് നടക്കുക. അഹ്മബാദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് മത്സരം നടക്കും. ശുഭ്മൻ ഗിൽ ഈ മത്സരത്തിൽ തിരികെ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഗിൽ നായകനായ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഹോം ഗ്രൗണ്ടാണ് അഹ്മദാബാദ്. ഇവിടെ താരം ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അഹ്മദാബാദ് ബുള്ളി എന്ന പരിഹാസപ്പേര് പോലും ഗില്ലിനുണ്ട്.
