തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച ബിജെപി മേയർ സ്ഥാനത്തേക്ക് മുൻ ഡിജിപി ആർ. ശ്രീലേഖയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ഡൽഹിക്ക് തിരിക്കും. കേന്ദ്ര നേതൃത്വവുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ തലസ്ഥാന നഗരിയുടെ ഭരണസാരഥ്യമേൽപ്പിക്കുന്നത് ബിജെപിക്ക് വലിയ രാഷ്ട്രീയ മേൽക്കൈ നൽകുമെന്നാണ് വിലയിരുത്തൽ. മുൻ മേയർമാരുടെ കാലത്തെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന് ബിജെപി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഒരു മുൻ ഡിജിപിയുടെ സാന്നിധ്യം ഭരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും ശക്തമായ സന്ദേശം നൽകുമെന്നും പാർട്ടി കരുതുന്നു.
മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന്റെ ‘സ്ത്രീശക്തി’ എന്ന മുദ്രാവാക്യം പ്രായോഗികമാക്കാനും ഇതിലൂടെ സാധിക്കും. മേയർ സ്ഥാനത്തേക്ക് തുടക്കത്തിൽ പരിഗണിച്ചിരുന്ന പേരായിരുന്നു മുൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റേത്. എന്നാൽ ഡെപ്യൂട്ടി മേയർ പദവി വനിതാ സംവരണമായതിനാൽ നിലവിലെ സാഹചര്യത്തിൽ രാജേഷിന് മറ്റൊരു നിർണ്ണായക ചുമതല നൽകാനാണ് സാധ്യത.
ശാസ്തമംഗലം മുൻ കൗണ്‍സിലർ മധുസൂദനൻ നായർക്കും ഭരണസമിതിയിൽ സുപ്രധാന പദവി ലഭിച്ചേക്കും. സംസ്ഥാന തലസ്ഥാനത്തെ ഭരണം ബിജെപി കേന്ദ്ര നേതൃത്വം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. മോദി സർക്കാരിന്റെ വികസന പദ്ധതികൾ കേരളത്തിൽ മാതൃകാപരമായി നടപ്പിലാക്കാൻ ശ്രീലേഖയെപ്പോലെയുള്ള ഒരാൾക്ക് കഴിയുമെന്ന് ഡൽഹിയിലെ നേതാക്കൾക്ക് വിശ്വാസമുണ്ട്.
അതേസമയം, തിരുവനന്തപുരത്തെ വിജയത്തോടൊപ്പം തൃശ്ശൂരിലും മറ്റും നേരിട്ട തിരിച്ചടികളെക്കുറിച്ചും രാജീവ് ചന്ദ്രശേഖർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ചാലുടൻ മേയറുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
