പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്ന് പുലർച്ചെയാണ് നടൻ സന്നിധാനത്ത് എത്തിയത്. ഇന്നലെ രാത്രിയോടെ എത്തുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. തുടർന്നാണ് ഇന്ന് പുലർച്ചയോടെ ശബരിമലയിൽ എത്തിയത്.

ഇവിടെയെത്തിയ നടൻ ഇന്ന് രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിനായാണ് ദിലീപ് തന്ത്രിയുടെ ഓഫീസിലേക്ക് പോയത്. തുടർന്നാണ് അയ്യപ്പ ദര്‍ശനം നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് നടൻ ശബരിമലയിലെത്തിയത്. പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി ദർശനത്തിനായി സന്നിധാനത്ത് എത്തി. ദിലീപിന്‍റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുള്ളത്. പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടില്ല.

അതേസമയം കഴിഞ്ഞ തവണ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. സംഭവത്തിൽ നാല് പേർക്കെതിരെ നടപടിയെടുത്തിരുന്നു.

അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്. ഇതിനു പിന്നാലെ ക്ഷേത്രോത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചിരുന്നു പരിപാടിയിലാണ് നടനെ ഒഴിവാക്കിയത്. നാളെ വൈകിട്ട് 6.30നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ കൂപ്പൺ ഉ​ദ്ഘാടനം ദിലീപ് നടത്തുമെന്ന് അറിയിച്ചുകൊണ്ട് പോസ്റ്ററുകൾവരെ അടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാറ്റം.

താൻ ചടങ്ങിൽനിന്ന് പിന്മാറുകയാണെന്ന് ദിലീപ് തന്നെ അറിയിച്ചുവെന്ന് ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷൻ ബി.അശോക് കുമാർ വ്യക്തമാക്കി. വിവാദങ്ങൾക്കിടെ താൻ വരുന്നില്ലെന്ന് ദിലീപ് അറിയിച്ചതായാണ് അദ്ദേഹം പറഞ്ഞത്.