ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് നടത്തിയ വിവാദ പരാമർശത്തിൽ നിലപാട് തിരുത്തി മുൻ മന്ത്രിയും സി.പി.എം. നേതാവുമായ എം.എം. മണി. തനിക്ക് തെറ്റ് പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന പാർട്ടി നിലപാടിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“എനിക്ക് തെറ്റ് പറ്റി. അത്തരം പരാമർശം വേണ്ടിയിരുന്നില്ല. ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞുപോയതാണ്. പറഞ്ഞത് തെറ്റാണെന്ന് പാർട്ടി പറഞ്ഞതിനെ ഞാൻ അംഗീകരിക്കുന്നു,” എം.എം. മണി അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ എം.എം. മണി നടത്തിയ പരാമർശങ്ങൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു സൃഷ്ടിച്ചത്. കടുത്ത വിമർശനങ്ങളെ തുടർന്നാണ് ഇപ്പോൾ അദ്ദേഹം പരസ്യമായി നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുന്നത്.
