കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കണ്ണൂർ പാനൂരിൽ അരങ്ങേറിയ വടിവാൾ ആക്രമണത്തിൽ 50 ഓളം സി.പി.എം. പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് വാഹനം തകർത്തതടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണ് അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് പോലീസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് വടക്കൻ കേരളത്തിലടക്കം സി.പി.എം. പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. വടിവാളുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് പലയിടത്തും ആക്രമണങ്ങൾ നടന്നത്. നിരവധി യു.ഡി.എഫ്. സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരവും യു.ഡി.എഫ്. തരംഗവും എൽ.ഡി.എഫ്. പ്രവർത്തകരെ എത്രമാത്രം അസ്വസ്ഥരാക്കി എന്നതിൻ്റെ തെളിവാണ് വിവിധ ജില്ലകളിൽ ഇന്നലെ രാത്രി അരങ്ങേറിയ അക്രമസംഭവങ്ങൾ. ഫലം വന്നതിന് തൊട്ടുപിന്നാലെ പാനൂരിൽ സി.പി.എം. പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യു.ഡി.എഫ്. പ്രകടനത്തിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറി അക്രമം നടത്തുകയും ചിലർക്ക് നേരെ വാളുവീശുകയും ചെയ്തു.

പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യു.ഡി.എഫ്. പ്രവർത്തകർക്ക് പരിക്കേറ്റു. കണ്ണൂർ ഉളിക്കൽ മണിപ്പാറയിലും സി.പി.എം.-കോൺഗ്രസ് സംഘർഷമുണ്ടായി. ഏറാമല തുരുത്തിമുക്കിൽ കോൺഗ്രസ് ഓഫീസിനു നേർക്കുണ്ടായ ആക്രമണം പോലീസ് സാന്നിധ്യത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ഏറാമലയിലെ ഇന്ദിരാഭവന് നേർക്കുണ്ടായ ബോംബേറിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈകൾ തകർന്നു. ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടയിൽ സി.പി.എം. പ്രവർത്തകർ കോൺഗ്രസുകാരെ ആക്രമിച്ചു. തടയാൻ ശ്രമിച്ച പോലീസുകാർക്കും പരിക്കേറ്റു. യു.ഡി.എഫ്. ആഹ്ലാദപ്രകടനത്തിനിടെ ബത്തേരിയിലുണ്ടായ ആക്രമണത്തിൽ സ്ഥാനാർത്ഥിക്ക് അടക്കം പരിക്കേറ്റു. സഞ്ചരിച്ച വാഹനം അടിച്ചു തകർക്കുകയും കമ്പിവടികൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തുവെന്ന് യു.ഡി.എഫ്. പ്രവർത്തകർ ആരോപിച്ചു. നെയ്യാറ്റിൻകരയിൽ ബി.ജെ.പി. പ്രവർത്തകരും സി.പി.എം. പ്രവർത്തകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.