ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് പരിഷ്‌കാരം ചര്‍ച്ച ചെയ്യണമെന്ന് ഏറെ നാളുകളായി പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഇന്ന് ചര്‍ച്ചയാകും. നിരവധി ചർച്ചകൾക്ക് ശേഷം, വിഷയം സഭയിൽ കൊണ്ടുവരാൻ സർക്കാരും പ്രതിപക്ഷവും കഴിഞ്ഞ ആഴ്ചയാണ് സമവായത്തിലെത്തിയത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചര്‍ച്ചകള്‍ക്ക് തുടക്കമിടും. കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാൾ ബുധനാഴ്ച മറുപടി നൽകും.
ഡിസംബർ 1 ന് ശീതകാല സമ്മേളനം ആരംഭിച്ചതുമുതൽ, പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പോസ്റ്ററുകളും പ്ലക്കാർഡുകളും നേതാക്കൾ പിടിച്ചായിരുന്നു പ്രതിഷേധം.
ലോക്‌സഭയില്‍ തിങ്കളാഴ്ച വന്ദേമാതരമായിരുന്നു ചര്‍ച്ചാവിഷയം. രൂക്ഷവിമര്‍ശനമാണ് മോദി കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചത്. കോൺഗ്രസ് ‘വന്ദേമാതരത്തെ’ വഞ്ചിച്ചുവെവെന്നും, മുഹമ്മദ് അലി ജിന്നയുടെ സമ്മർദ്ദത്തിന് വഴങ്ങി വിഭജിക്കാൻ ശ്രമിച്ചെന്നും മോദി ആരോപിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബ്രിട്ടീഷുകാരെ വളരെയധികം ഭയപ്പെടുത്തിയ ഒരു ഗാനത്തെ ഒറ്റിക്കൊടുക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ ഇന്നത്തെ തലമുറ അറിഞ്ഞിരിക്കണമെന്നും മോദി ആഞ്ഞടിച്ചു. പ്രീണന രാഷ്ട്രീയം കാരണം, വന്ദേമാതരം വിഭജിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്നും മോദി ആരോപിച്ചു.
