അബുദാബി : വ്യാജരേഖകൾ ചമച്ച് ഒരു യുഎഇ ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിൽ ഉണ്ടായിരുന്ന 8,82,000-ദിർഹത്തിലേറെ (ഏകദേശം 2 കോടിയിലേറെ രൂപ) കടം തീർക്കാൻ ശ്രമിച്ച കേസിൽ പ്രവാസിക്ക് ഫെഡറൽ കോടതി ശിക്ഷ വിധിച്ചു. മൂന്ന് മാസം താൽക്കാലിക തടവും ബാങ്ക് ഒടുക്കിയ തുകയ്ക്ക് തുല്യമായ പിഴയുമാണ് കോടതി വിധിച്ചത്.
കോടതി രേഖകൾ പ്രകാരം, നിലവിലുള്ള ബാധ്യതകൾ ഒതുക്കിത്തീർക്കാൻ ലക്ഷ്യമിട്ട് ഇയാൾ ‘ഡെറ്റ് പർച്ചേസ് ഫെസിലിറ്റി’ക്ക് അപേക്ഷിച്ചതോടെയാണ് കേസിന്റെ തുടക്കം. ഇതിനായി, തന്റെ മാസശമ്പളം 50,000 ദിർഹത്തിന് മുകളിലാണെന്ന് കാണിക്കുന്ന ‘ടു ഹൂം ഇറ്റ് കൺസേർൺ(To Whom It May Concern) സർട്ടിഫിക്കറ്റും 1,90,000 ദിർഹം വാർഷിക വാടക ബാധ്യത കാണിക്കുന്ന ഒരു ലീസ്-അപ്രൂവൽ നോട്ടിസും ഇയാൾ സമർപ്പിച്ചു. ഈ രണ്ട് രേഖകളും ഔദ്യോഗിക മുദ്രകളും ഒപ്പുകളും സഹിതം ഒരു സർക്കാർ സ്ഥാപനം പുറത്തിറക്കിയതാണെന്ന രീതിയിലാണ് സമർപ്പിക്കപ്പെട്ടത്.
രേഖകൾ യഥാർഥമാണെന്ന് വിശ്വസിച്ച് ബാങ്ക് അപേക്ഷ അംഗീകരിക്കുകയും മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിലായി ഇയാൾക്കുണ്ടായിരുന്ന 882,000-ദിർഹത്തിലേറെ വരുന്ന കുടിശ്ശിക ബാങ്ക് അടച്ചുതീർക്കുകയും ചെയ്തു. എന്നാൽ, ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റർമാർ ഈ ഫയലുകൾ പരിശോധിച്ചപ്പോൾ ചില പൊരുത്തക്കേടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന്, രേഖകളിൽ പേര് പറഞ്ഞിരുന്ന സർക്കാർ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് വിശദീകരണം തേടി. തങ്ങൾ ശമ്പള സർട്ടിഫിക്കറ്റോ ലീസ്-അപ്രൂവൽ നോട്ടീസുകളോ നൽകിയിട്ടില്ലെന്ന് സർക്കാർ സ്ഥാപനം ഉറപ്പിച്ചു പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി 56,000 ദിർഹം ശമ്പളം രേഖപ്പെടുത്തി വ്യാജ ഒപ്പിട്ട് സമർപ്പിച്ച ‘ഡെറ്റ് പർച്ചേസ്’ അപേക്ഷാ ഫോം പോലും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ബാങ്ക് ഔദ്യോഗികമായി പരാതി നൽകി. പ്രോസിക്യൂട്ടർമാർ ഡിജിറ്റൽ തെളിവുകളും ബാങ്ക് ജീവനക്കാരുടെ മൊഴികളും ഹാജരാക്കി. സാമ്പത്തിക നേട്ടത്തിനായി പ്രതി മനഃപൂർവം ബാങ്കിനെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന് അവർ വാദിച്ചു. കോടതിയിൽ കുറ്റാരോപണങ്ങൾ നിഷേധിച്ച പ്രതി രേഖകൾ ആധികാരികമാണെന്ന് വാദിച്ചെങ്കിലും വ്യാജരേഖ ചമച്ചതിനും തട്ടിപ്പിനും വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ നൽകിയതായി ചൂണ്ടിക്കാട്ടി കോടതി വാദങ്ങൾ തള്ളി.
