സ്ഥാനാർഥികളുടെ പേരിലോ ഇനിഷ്യലിലോ സാമ്യമുള്ള അപരര്‍ പിടിക്കുന്ന ഓരോ വോട്ടും ഇവിടങ്ങളില്‍ വളരെയേറെ നിര്‍ണായകമാണ്

വടകര: ജനഹിതം അട്ടിമറിക്കുന്നതിനായുള്ള പ്രധാന ആയുധമാണ് അപരര്‍. ഓരോ തെരഞ്ഞെടുപ്പിലും അപരരുടെ സാന്നിധ്യം ചര്‍ച്ചയാകാറുമുണ്ട്. യുഡിഎഫ്-ആര്‍എംപിഐ ജനകീയമുന്നണിയും എല്‍ഡിഎഫും തമ്മില്‍ വാശിയേറിയ മത്സരം നടക്കുന്ന ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകളിലും ഇരുമുന്നണികള്‍ക്കും ഭീഷണിയാവുകയാണ് അപരന്മാര്‍. അതാകട്ടെ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ഇടങ്ങളും.

ചെറിയ വോട്ടിന് ജയം നിര്‍ണയിക്കുന്നവയാണ് ഈ വാര്‍ഡുകള്‍. സ്ഥാനാർഥികളുടെ പേരിലോ ഇനിഷ്യലിലോ സാമ്യമുള്ള അപരര്‍ പിടിക്കുന്ന ഓരോ വോട്ടും ഇവിടങ്ങളില്‍ വളരെയേറെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ വോട്ട് കൈവിട്ട് പോകാതിരിക്കാന്‍ വീടുകള്‍ കയറി ബാലറ്റ് യൂണിറ്റിന്റെ മാതൃക തയ്യാറാക്കി പേരും ചിഹ്നവും ഫോട്ടോയും ബാലറ്റിലെ സ്ഥാനവുമെല്ലാം വോട്ടര്‍മാരെ പഠിപ്പിക്കുകയാണ് മുന്നണികള്‍.