ബെംഗളൂരു : തെക്കൻ കർണാടകയിലെ അഞ്ചു ജില്ലകളിൽനിന്ന് 2003നും 2009നും മധ്യേ ഇരുപതോളം പെൺകുട്ടികളെ കാണാതായി. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർ. എല്ലാ പെൺകുട്ടികളുടെയും ശവശരീരങ്ങൾ കണ്ടെത്തിയത് ബസ് സ്റ്റാൻഡുകളിലെ ശുചിമുറികളിൽനിന്ന്. വിവാഹവേഷത്തിലായിരുന്നു മിക്കവരും. ശരീരത്തിലെ ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. ഇരുപതു ശരീരങ്ങളിൽ എട്ടെണ്ണം മൈസൂരിലെ ലാഷ്കർ മൊഹല്ല ബസ് സ്റ്റാൻഡിൽ നിന്നാണ് ലഭിച്ചത്. അഞ്ചെണ്ണം ബെംഗളൂരുവിലെ തിരക്കേറിയ കെംമ്പഗൗഡ ബസ് സ്റ്റേഷൻ പരിസരത്തുനിന്നും. അന്വേഷണം എത്തിയത് പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്ന മോഹൻകുമാറിലേക്ക്. തുടരന്വേഷണത്തിൽ അയാൾ സയനൈഡ് മോഹനായി. രാജ്യമെങ്ങും ആ ക്രൂരന്റെ കഥയറിഞ്ഞു. ഇപ്പോൾ കളങ്കാവൽ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കും എത്തിയിരിക്കുന്നു.

സ്റ്റേഷൻ ഞങ്ങൾ കത്തിക്കും…ഒരു വർഗീയ ലഹളയിൽ തുടക്കം സ്ത്രീകളുടെ കൊലപാതകങ്ങൾക്ക് സാമ്യമുണ്ടായിരുന്നെങ്കിലും അന്വേഷണത്തിൽ പൊലീസ് വലിയ താൽപര്യം കാട്ടിയില്ല. മരിച്ചവരുടെ ബന്ധുക്കളെക്കുറിച്ചും അന്വേഷണം നടന്നില്ല. ദൂരുഹസാഹചര്യത്തിൽ മരിച്ചതായി കാണിച്ചു കേസുകൾ എഴുതിതള്ളി. ഇരുപതു സ്ത്രീകളും മരിച്ചതു വിഷം ഉള്ളിൽ ചെന്നാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് അനങ്ങിയില്ല. പിന്നീട് രണ്ടു പേരുടെ രക്ത സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. സയനൈഡ് ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നായിരുന്നു ഫൊറൻസിക് റിപ്പോർട്ട്.