ആ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ഇന്നലെ മയങ്ങി വീണെന്ന് കേട്ടെന്നും ഇനിയും പലരും മയങ്ങി വീഴാനുള്ള സാധ്യതയുണ്ടെന്നും രാജു എബ്രഹാം പറഞ്ഞു
പത്തനംതിട്ട: ജില്ലയിലെ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനിച്ചവരാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ഇന്നലെ മയങ്ങി വീണെന്ന് കേട്ടെന്നും ഇനിയും പലരും മയങ്ങി വീഴാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ പ്രകടനപത്രിക പ്രകാശനത്തിനായി പത്തനംതിട്ട പ്രസ് ക്ലബില്‍ എത്തിയപ്പോളായിരുന്നു രാജു എബ്രഹാമിന്റെ പരാമര്‍ശം.
ആര് ആരോപണ വിധേയനായാലും, കേസില്‍പെട്ടാലും, മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് സിപിഐഎമ്മിന്റെ നയം. മുകേഷിനെതിരെ കേസുണ്ടായപ്പോള്‍ അദ്ദേഹം ജാമ്യമെടുത്തിരുന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നപ്പോള്‍ അദ്ദേഹം ജാമ്യം എടുക്കാതെ ഒളിവില്‍ പോയി. അതാണ് ഇരു കേസുകളും തമ്മിലുള്ള വ്യത്യാസം. പീഡനങ്ങളുടെ തീവ്രതയെക്കുറിച്ചുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ലസിതാ നായരുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലസിത പറഞ്ഞെന്നായിരുന്നു രാജു എബ്രഹാമിന്റെ വിശദീകരണം.
കെപിസിസി ഓഫീസിലെ മുറികള്‍ പീഡന പരാതികള്‍ കൊണ്ട് നിറഞ്ഞ നിലയിലാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അവിടെ ഇനി ഒരു പരാതി കൂടി വെക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് ഇപ്പോള്‍ കിട്ടിയ പരാതി കെപിസിസി പൊലീസിന് കൈമാറിയത്. ലോകത്ത് ആദ്യമായാണ് കുറ്റം ചെയ്തയാള്‍ പുറത്തും പിന്തുണച്ചയാള്‍ അകത്തുമാകുന്ന സംഭവം ഉണ്ടാകുന്നത്. രാഹുല്‍ ഈശ്വറിനെ പരിഹസിച്ചുകൊണ്ട് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
