തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായകം. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിത ഗർഭച്ഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്നും തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാഹുലിന്റെ അഭിഭാഷകൻ ഹർജിയിൽ പറയുന്നുണ്ട്. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിക്കെതിരെ സീൽവെച്ച കവറിൽ രാഹുൽ ഡിജിറ്റൽ തെളിവുകളും കോടതിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഗർഭച്ഛിദ്രം നടത്തിയത് യുവതിയുടെ താല്പര്യപ്രകാരമാണെന്നടക്കം തെളിയിക്കുന്ന രേഖകളാണ് ഇതിലെന്നായിരുന്നു പുറത്തുവന്ന വിവരം.
രാഹുലിനെ പ്രതിരോധത്തിലാക്കുന്നതാണ് പരാതിക്കാരിയുടെ മെഡിക്കൽ റിപ്പോർട്ട്. വൈദ്യപരിശോധനയിൽ യുവതിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ കണ്ടെത്തിയതായാണ് ഡോക്ടറുടെ റിപ്പോർട്ട്. വൈദ്യപരിശോധനാ റിപ്പോർട്ടിലാണ് നിർണായക വിവരം. മുറിവുകൾ ബലാത്സംഗത്തിനിടെ ഉണ്ടായതെന്നാണ് നിഗമനം. യുവതിയുടെ മൊഴിയും ഇത് ശരിവെയ്ക്കുന്നുണ്ട്. ഈ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.
