പ്രതീകാത്മക ചിത്രം
ആലപ്പുഴ: കായംകുളം കളരിക്കലിൽ അഭിഭാഷകനായ മകൻ്റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര പീടികച്ചിറ നടരാജൻ ആണ് മരിച്ചത്. മകൻ്റെ വെട്ടേറ്റ മാതാവ് സിന്ധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്.
പൊലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ചാണ് മകൻ നവജിത്ത് നടേശനം കീഴ്പ്പെടുത്തിയത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. ഇന്ന് വാക്കുതർക്കം ഉണ്ടായതിന് പിന്നാലെ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. മാതാപിതാക്കളെ വെട്ടി ചോരയിൽ കുളിച്ചുനിൽക്കുന്ന നവജിത്തിനെയാണ് നാട്ടുകാർ കാണുന്നത്. ഇവർ പൊലീസിനെ വിളിക്കുകയായിരുന്നു.
മകൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിതാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
