കടയ്ക്കൽ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, 19 വയസുകാരൻ അറസ്റ്റിൽ ചിതറ മാടങ്കാവ് ലാവണ്യ വിലാസത്തിൽ മനു (19) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ആരും ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ എത്തി പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലാകുകയും, പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു.
എന്നാൽ ഒരുവർഷം കഴിഞ്ഞതോടെ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. പൊലീസ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോടതിയുടെ ചുറ്റുമതിലിനു പുറത്തുവച്ച് പ്രതിയുടെ ചിത്രം പകർത്താൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ പ്രതിയുടെ പിതാവ് ആക്രമിച്ചു. സജി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും കടക്കൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
