കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് കോടതിയിൽ നിന്ന് തിരിച്ചടി. ശബരിമലയിലെ കട്ടിളപ്പാളി കേസിൽ ബൈജു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.

ഇതിനു പിന്നാലെ, ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ ഉൾപ്പെട്ട കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി കെ.എസ്. ബൈജുവിനെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (SIT) കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് നാല് മണിവരെയാണ് കസ്റ്റഡി കാലാവധി അനുവദിച്ചിട്ടുള്ളത്.

സ്വർണ്ണക്കൊള്ള കേസിൽ ഏഴാം പ്രതിയാണ് കെ.എസ്. ബൈജു. 2019-ൽ സ്വർണ്ണപ്പാളികളുടെ മഹസർ തയ്യാറാക്കിയപ്പോഴും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടപ്പോഴും തിരുവാഭരണം കമ്മീഷണർ ബൈജുവായിരുന്നു.

പാളികൾ കൈമാറ്റം ചെയ്യുമ്പോൾ അതിന്റെ തൂക്കം ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് കമ്മീഷണറാണ്. എന്നാൽ, സ്വർണ്ണപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോകുമ്പോൾ ബൈജു സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഈ അസാന്നിധ്യം ഗൂഢാലോചനയ്ക്ക് തെളിവായി SIT കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായാണ് നിലവിൽ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.