കൊൽക്കത്ത: കേന്ദ്രത്തിന്റെ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കാൻ പശ്ചിമബംഗാൾ സർക്കാർ . ഡിസംബർ 5-നകം സംസ്ഥാനത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ കേന്ദ്രത്തിന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ നിർദേശം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്, പശ്ചിമ ബംഗാൾ ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി പി.ബി. സലീം, കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും കൈമാറി.
സംസ്ഥാനത്തെ ഏകദേശം 82,000 വഖഫ് എസ്റ്റേറ്റുകളുടെ വിവരങ്ങളാണ് ഓൺലൈനായി ചേർക്കേണ്ടത്. 2025-ലെ വഖഫ് ഭേദഗതി നിയമം കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. ജില്ല തിരിച്ചുള്ള വഖഫ് ആസ്തികളുടെ വിവരങ്ങൾ നിർബന്ധമായും umeedminority.gov.in എന്ന കേന്ദ്ര പോർട്ടലിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ചേർക്കാൻ കത്തിൽ ആവശ്യപ്പെടുന്നു.
ഈ നിർദ്ദേശപ്രകാരം, സംസ്ഥാനത്തെ 80,000-ൽ അധികം വരുന്ന വഖഫ് എസ്റ്റേറ്റുകളുടെ വിവരങ്ങൾ അതത് മുതവല്ലിമാർ (വഖഫ് പ്രോപ്പർട്ടികളുടെ നടത്തിപ്പുകാർ) പോർട്ടലിൽ ചേർക്കേണ്ടതുണ്ട്.
വഖഫ് ഭേദഗതി നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി മുൻപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ‘ഭിന്നിപ്പിച്ചു ഭരിക്കാൻ’ ആരെയും അനുവദിക്കില്ലെന്നും, സംസ്ഥാനത്തെ 33 ശതമാനം വരുന്ന മുസ്ലിം ജനവിഭാഗത്തെ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞിരുന്നു.
