രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഇനി നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഒരു പാർട്ടിയ്ക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും ഈ വിഷയത്തിൽ ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നും രമേശ് ചെന്നിത്തല.
സി.പി.ഐ.എം ഇങ്ങനെ ചെയ്യുമോയെന്ന് ചോദിച്ച അദ്ദേഹം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും വ്യക്തമാക്കി. കോൺഗ്രസിനെ തകർക്കാൻ സിപിഐഎം ബിജെപി ബാന്ധവം നിലനിൽക്കുന്നു. സിപിഐഎം ബിജെപി അന്തർധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞു. രാഹുൽ തെറ്റ് ചെയ്തില്ലെന്ന് താൻ പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് തെറ്റാണെന്നും മഹാ തെറ്റാണെന്നും അതിൽ തർക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി രാഹുലിനോട് താല്പര്യം ഇല്ല. തിരിച്ചുവരണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. രാഷ്ട്രീയഭാവി അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും കെ. സുധാകരൻ പ്രതികരിച്ചു.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് മടങ്ങി എത്തിയതായി സൂചന. ജില്ല വിട്ടാൽ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് മടങ്ങിയെത്തിയതെന്നാണ് നിഗമനം. മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് രാഹുലിന് ലഭിച്ച നിർദേശം. ഓഫീസ് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന നിർദേശവും നൽകി. എംഎൽഎയുടെ രണ്ട് വാഹനങ്ങൾ ഫ്ലാറ്റിലും ഓഫീസിലുമായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രാഹുൽ കേരളം വിട്ടെന്ന സൂചനയും ലഭിച്ചിരുന്നു.
അതേസമയം പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടി വേദികളിൽ വിലക്ക് ഏർപ്പെടുത്താനാണ് കോൺഗ്രസ് തീരുമാനം. പാർട്ടിയുടെ പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് DCC കൾക്ക് നിർദേശം നൽകും. പീഡന കേസിൽ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും വിലക്ക് തുടരും. കോൺഗ്രസ് ഹൈക്കമാൻഡാണ് നിർദേശം നൽകിയത്.
