തിരുവനന്തപുരം: പാർട്ടി പത്രത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ചുകൊണ്ടുവന്ന മുഖപ്രസംഗം കോണ്‍ഗ്രസ് നിലപാടിന് എതിരാണെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. മുഖപ്രസംഗം പാര്‍ട്ടിയുടെ നയത്തിനും തീരുമാനത്തിനും യോജിച്ചതല്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദഹം കൂട്ടിച്ചേർത്തു.
‘പാർട്ടി പത്രത്തില്‍ വരാൻ പാടില്ലാത്ത കാര്യമായിരുന്നു അത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തത് സണ്ണി ജോസഫോ വി ഡി സതീശനോ ഒറ്റയ്ക്കല്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കൻമാരും മുൻ ഡിസിസി അദ്ധ്യക്ഷൻമാരും ചേർന്നാണ്. 100 ശതമാനവും നേതാക്കൻമാരുടെ സമ്മതോടെയാണ് ഈ തീരുമാനമെടുത്തത്. ആരും ഈ തീരുമാനത്തെ എതിർത്തിട്ടില്ല’- സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, മുഖപ്രസംഗത്തിന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഈ വിഷയം പുറത്തുവന്നതോടെ പാർട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിച്ചതാണ്. ഒരു വിഷയത്തില്‍ രണ്ട് നടപടി എടുക്കാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു
