പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമെന്ന് റിപ്പോർട്ട്. സന്നിധാനത്ത് നേരിയ മഴയുണ്ടെങ്കിലും നീണ്ട ക്യൂ എവിടെയുമില്ലെന്നാണ് വിവരം. സ്‌പോട്ട് ബുക്കിംഗ് ഇന്നും 5000 ആയി തുടരുകയാണ്. സ്‌പോട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം അതത് ദിവസത്തെ തിരക്കിനനുസരിച്ച്‌ നിയന്ത്രിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 18ന് സന്നിധാനത്തുണ്ടായ അനിയന്ത്രിതമായ തീർത്ഥാടക തിരക്കിനെ തുടർന്നാണ് ഹൈക്കോടതി കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. വെർച്വല്‍ ക്യൂ ബുക്കിംഗിലൂടെ 70000 പേർക്കും സ്‌പോട് ബുക്കിംഗിലൂടെ 20000 പേരും ഉള്‍പ്പടെ 90000 പേർക്കാണ് നിത്യവും ദർശനത്തിന് അനുമതി നല്‍കിയിരുന്നത്.

വെർച്വല്‍ ക്യൂ ബുക്ക് ചെയ്തവർ സമയക്രമം പാലിക്കാതെ എത്തിയതും സ്‌പോട് ബുക്കിംഗിലൂടെ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതും പൊലീസ് നിയന്ത്രണം പാളിയതുമാണ് തിരക്കിനിടയാക്കിയത്. ഇതേ തുടർന്ന് കോടതി സ്‌പോട് ബുക്കിംഗ് പരിധി 5000മായി നിജപ്പെടുത്തിയിരുന്നു. പമ്ബയിലെ സ്‌പോട് ബുക്കിംഗ് കേന്ദ്രങ്ങള്‍ നിറുത്തലാക്കി. നിലവില്‍ നിലയ്ക്കലില്‍ ഏർപ്പെടുത്തിയിരിക്കുന്ന ഏഴ് കൗണ്ടറുകള്‍ വഴിയാണ് വെർച്വല്‍ ക്യൂ ഇല്ലാതെ എത്തുന്ന തീർത്ഥാടകർക്ക് സ്‌പോട് ബുക്കിംഗിലൂടെ ദർശനത്തിന് അനുമതി നല്‍കുന്നത്.