കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 2016 ലെ പോക്‌സോ കേസില്‍ ഈ മാസമാണ് മരിച്ച ദേളി സ്വദേശി മുബഷിർ അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് ഇയാള്‍ മരിച്ചത്.
2016ലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട പ്രതിയായിരുന്നു. പിന്നീട് ഇയാള്‍ വിദേശത്തേക്ക് പോയി. രണ്ട് മാസം മുന്‍പാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. മൂന്നാഴ്ച മുന്‍പ് പൊലീസ് വീട്ടിലെത്തി പോക്‌സോ കേസില്‍ വാറണ്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍ഗോഡ് സബ് ജയിലിലേക്ക് മാറ്റി. ഇവിടെ വച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചതെന്നും പറയുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം ആവശ്യമാണെന്നും പറയുന്നുണ്ട്. കാസര്‍ഗോഡ് ടൗണ്‍ പൊലീസ് വിഷയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
