കലബുറഗി: കലബുറഗിയിൽ ഉണ്ടായ ദാരുണമായ കാർ അപകടത്തിൽ കർണാടക കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ (എം.ഡി.) ചുമതല വഹിച്ചിരുന്ന 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മഹന്തേഷ് ബിലഗി (51) യാണ് മരിച്ചത്. അദ്ദേഹത്തോടൊപ്പം സഹോദരന്മാരായ ശങ്കർ ബിലാഗി (55), ഈരണ്ണ ബിലാഗി (53) എന്നിവരും അപകടത്തിൽ മരണപ്പെട്ടു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. വിജയപുരയിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന ഇവരുടെ ഇന്നോവ കാർ ജെവാർഗി താലൂക്കിലെ ഗൗനള്ളി ക്രോസിനടുത്തുവെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ശങ്കർ ബിലാഗിയും ഈരണ്ണ ബിലാഗിയും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മഹന്തേഷിനെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിൽ ഇവരെ കൂടാതെ ഈരണ്ണ സിരസംഗി എന്നൊരാളും ഉണ്ടായിരുന്നു.
ജെവാർഗി ബൈപാസിന് സമീപം വെച്ച് ഇന്നോവ കാർ മറിഞ്ഞാണ് അപകടം സംഭവിച്ചത്. കാറിന്റെ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെലഗാവി ജില്ലയിലെ രാമദുർഗ സ്വദേശിയാണ് മഹന്തേഷ്. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപ്പറേഷന്റെ എം.ഡി.യായി ചുമതലയേൽക്കുന്നതിന് മുൻപ് അദ്ദേഹം ബെസ്കോമിന്റെ മാനേജിംഗ് ഡയറക്ടറായും ഉഡുപ്പി, ദാവണഗരെ, ചിത്രദുർഗ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നാടിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്.
