ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഏറെ പ്രതീക്ഷിച്ചിരുന്ന ഇന്ത്യാ സന്ദർശനം വീണ്ടും നീട്ടിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്താനിരുന്ന നിർണ്ണായക കൂടിക്കാഴ്ചയാണ് സുരക്ഷാപരമായ ആശങ്കകളെ തുടർന്ന് മാറ്റിയത്.

തലസ്ഥാനമായ ദില്ലിയിൽ 15 പേർ കൊല്ലപ്പെട്ട സ്ഫോടനത്തെത്തുടർന്നുണ്ടായ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ഇസ്രയേലിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമായ ഈ സന്ദർശനം ഈ വർഷം ഇത് മൂന്നാം തവണയാണ് മാറ്റിവെക്കുന്നത്.

2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം അടുത്ത വർഷം പുതിയ തിയ്യതി തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഐ24 ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കുന്നത്. ഏപ്രിലിലും സെപ്റ്റംബറിലുമാണ് നേരത്തെ മാറ്റിയത്.

തെരഞ്ഞെടുപ്പ് നടപടികൾ കാരണമായിരുന്നു ഇത്. ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാനായിരുന്നു ഒടുവിലത്തെ തീരുമാനം. ഈ നീക്കമാണ് ദില്ലി സ്ഫോടനത്തെ തുടർന്ന് മാറ്റിവെച്ചത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു. പിന്നാലെ 2018 ജനുവരിയിലാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്. എഴ് വർഷത്തിന് ശേഷമുള്ള സന്ദർശനമാണ് പല തവണയായി മാറ്റിവെച്ചത്.