കോട്ടയം : കോട്ടയം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും പൊലീസ് കസ്റ്റഡിയിൽ. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് ആദർശ് മരിച്ചത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണം.
പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. കോട്ടയം എസ്പി ഷാഹുൽ ഹമീദ് ഐപിഎസ് നേരിട്ടെത്തി ചോദ്യം ചെയ്തു. ബൈക്ക് പണയം വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയത്. എന്നാലിത് പൊലീസ് വിശ്വസിച്ചിട്ടില്ല. വിശദമായി വീണ്ടും ചോദ്യം ചെയ്യും. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. കൂടുതൽ അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
