തദ്ദേശതെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എം എസ് കുമാറിനെ സന്ദർശിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ബിജെപിയിലെ ഭിന്നതയിൽ എം എസ് കുമാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് രാവിലെയാണ് രാജീവ് ചന്ദ്രശേഖർ എം എസ് കുമാറിന്റെ വീട്ടിലെത്തിയത്. സഹകരണസംഘത്തിൽനിന്ന് ബിജെപി നേതാക്കൾ വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ലെന്നും സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടുമെന്നും എം എസ് കുമാർ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം എസ് കുമാറിനെ അനുനയിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം തദ്ദേശതെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എം എസ് കുമാറിനെ സന്ദർശിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ വീട്ടിലും കയറുന്നുണ്ട്. അത്തരത്തിലൊരു സന്ദർശനമായിരുന്നു ഇത്. മറ്റ് വിഷയങ്ങളൊന്നും ചർച്ചയായില്ല. എല്ലാവരെയും കാണുന്നത് തന്റെ കടമയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറും വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന്റെ അധ്യക്ഷനുമായ തിരുമല അനിലിന്റെ ആത്മഹത്യയെ കുറിച്ച് പ്രതികരിക്കവെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ എം എസ് കുമാര്‍ രംഗത്തെത്തിയത്. താന്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ നിന്ന് ബിജെപി നേതാക്കള്‍ വായ്പ എടുത്തിട്ടുണ്ട്. വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നുമാണ് എം എസ് കുമാറിന്റെ ആരോപണം.
